Monday, November 4, 2013

എന്റെ മറുപടി പ്രസംഗം

ഇന്നലെ നടന്ന (04/11/2013) കയ്പ് പ്രകാശന ചടങ്ങില്‍ ഞാന്‍  നടത്തിയ മറുപടി പ്രസംഗം  വായനക്കാരുടെ സമക്ഷം സമര്‍പ്പിക്കുന്നു...

എന്റെ ആദരണീയരായ ഗുരുനാഥന്മാരേ, അതിഥികളെ, രക്ഷിതാക്കളെ, കൂട്ടുകാരെ, നാട്ടുകാരെ, വായനക്കാരെ... 

എനിക്ക് പേനയും പുസ്തകവും സാധാരണ സാമഗ്രികളാണ്. പക്ഷെ, കവിതയുമായി എന്റെ മനസ്സ് വരുമ്പോള്‍ ഈ സാമഗ്രികള്‍ അത്ഭുത വസ്തുക്കളായി പരിണാമം ചെയ്യുന്നു. എഴുത്തിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നത് ഇന്നില്ലാതാവുന്ന, നാളെ അപ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള, ദിനം പ്രതി മരിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ, നാടിന്റെ, ഒരു രാജ്യത്തിന്റെ തന്നെ സംസ്ക്കാരം വായനക്കാരില്‍ എത്തിക്കുവാനാണ്.
സമൂഹത്തിലെ തെറ്റുകളെ ഞാന്‍ എന്റെ തൂലിക ചലിപ്പിച്ച് എന്റെ സങ്കടങ്ങളായാണ് ഞാന്‍ എഴുതുന്നത്.
ആദ്യം പ്രകൃതിയെ കുറിച്ച് മാത്രമായിരുന്നു ഞാന്‍ എഴുതിയിരുന്നത്. അന്നത്തെ കുഞ്ഞു മനസ്സില്‍ പ്രകൃതിയുടെ കുസൃതികള്‍ മാത്രമായത് കൊണ്ടാവാം എന്റെ ഉപ്പയടക്കം ചിലര്‍ എന്നോട് സാമൂഹിക വിഷയങ്ങള്‍ കവിതയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടത്. ആദ്യമാദ്യം കുറച്ചു മാത്രമെഴുതി. പക്ഷെ കവിതയുടെ ശരിയായ ട്രാക്കിലായിരുന്നില്ല. അന്ന് ഞാന്‍ കഥകളായിരുന്നു കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്നത്. കവിതകള്‍ വായിക്കുമ്പോള്‍ ചെറിയ മടുപ്പ് അന്ന് തോന്നിയിരുന്നു. ഇന്ന് ഒരു വാരികയോ മാസികയോ കണ്ടാല്‍ ആദ്യം ഞാന്‍ ''ഉള്ളടക്കത്തില്‍'' നോക്കുന്നത് കവിതകളാണ്.
കൂട്ടത്തില്‍ പറയട്ടെ, എന്നുമെനിക്ക് മടുപ്പില്ലാതെ വായിച്ചുതീര്‍ക്കാന്‍ പറ്റുന്ന രണ്ടേ രണ്ടു പേരുടെ കഥകളെ ഉള്ളൂ - എം.ടിയുടെയും ബഷീറിന്റെയും. എനിക്ക് നോവലുകളാണ് കഥകളെക്കാള്‍ കൂടുതല്‍ ഉത്തേജനം നല്‍കുന്നത്.

ഞാന്‍ ഈ നാട്ടിലെ ലൈബ്രറി നന്നായി ഉപയോഗപ്പെടുത്തി. അവിട്ടെ ഇരുന്നു ഒന്നും രണ്ടും മണിക്കൂര്‍ വായിച്ച് വിഷയം തേടിപ്പിടിച്ച് മനസ്സിനെ ഞാന്‍ കവിത എഴുതുവാന്‍ പാകപ്പെടുത്തും. ചില വരികള്‍ മനസ്സില്‍ കുറിച്ചിട്ടു ഞാന്‍ വീട്ടിലേക്ക് പോകും. എന്നിട്ട് ശാന്തമായ് ഞാന്‍ വീട്ടിലിരുന്നു എഴുതാന്‍ തുടങ്ങും. ഒരെട്ടു വരി എഴുതുമ്പോഴായിരിക്കും ഞാന്‍ എഴുതുന്ന വരികളോട് സാമ്യമുള്ള വരികള്‍ എന്റെ മനസ്സില്‍ വരിക. അതാണ്‌ ശരിയായ കവിത. ആദ്യത്തെത് ആ കവിതയുടെ ഡമ്മി എന്ന് വേണമെങ്കില്‍ പറയാം. ഇതാണ് എന്റെ കവിതാ രചന രീതി. ഇങ്ങിനെയാണ്‌ ഞാന്‍ കവിത എഴുതുന്നത്.

ഞാന്‍ വിശ്വസിക്കുന്നു, ഞാന്‍ സമൂഹത്തിനു വേണ്ടി എഴുതുന്ന കവിയാണ്‌. സമൂഹത്തിലുണ്ടാകുന്ന പാളിച്ചകളെ വായനക്കാരിലെത്തിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.

എന്റെ കവിതകളില്‍ മനപ്പൂര്‍വ്വം ഞാന്‍ ഒഴിവാക്കിയ രണ്ടു
വിഷയങ്ങളാണ് - പ്രണയവും സൌഹൃദവും. അവ രണ്ടും വരുന്നത് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ്. ഇവ രണ്ടിനെയും വര്‍ണ്ണിക്കാന്‍ ലോകത്തുള്ള എല്ലാ ഭാഷകളിലുമുള്ള വാക്കുകള്‍ ഒരുമിച്ചെടുത്താലുമാവില്ല. ഇവ രണ്ടിനുമുള്ള വ്യത്യാസം ഇത്രമാത്രം - പ്രണയത്തിനു expiry date ഉണ്ട്. സൗഹൃദം unlimited ആണ്. ഇതെന്റെ അഭിപ്രായം മാത്രം. എനിക്ക് കിട്ടിയ സൌഭാഗ്യങ്ങളിലൊന്നാണ് സുഹൃത്തുക്കള്‍. അവരാണ് എന്റെ സ്വഭാവ രൂപീകരണത്തിന്നടിത്തറ. അവരാണെന്റെ ശക്തിയും.

നാം ഇന്ന് സ്നേഹവും സൌഹൃദവും വിശ്വാസവും പ്രകൃതിയെ പോലെ ചൂഷണം ചെയ്യുകയാണ്. ഇവ ഓക്സിജന്‍ പോലെ ദിനേന കുറഞ്ഞു വരികയും വര്‍ഗ്ഗിയത കാര്‍ബണ്‍ ഡൈ ഓക്സൈഡ് പോലെ കൂടിക്കൂടി വരികയും ചെയ്യുന്നു.

നമ്മെ നാല്പതും അമ്പതും വര്‍ഷം തെറ്റിന്റെ ഒരു പോറലും പോലുമേല്‍പ്പിക്കാതെ താലോലിച്ചു വളര്‍ത്തിയ മാതാപിതാക്കളെ പലരുമിന്ന്‍ കൊണ്ടുപോയിടുന്നത് വൃദ്ധ സദനങ്ങളിലാണ്. വൃദ്ധ സദനങ്ങളാകട്ടെ ഇന്ന് കൂണ് പോലെ മുളച്ചു കൊണ്ടിരിക്കുകയാണ്. ആരാണ് മാതാപിതാക്കള്‍ എന്നറിയാമെങ്കിലും ആ ആറക്ഷരത്തിനു ശതകോടി മൂല്യങ്ങളുണ്ടെന്നു അവര്‍ക്കറിയില്ല.

ഇന്ന് നശിച്ചു കൊണ്ടിരിക്കുന്ന ,ഞാന്‍ മുമ്പ് പറഞ്ഞ കാര്യങ്ങള്‍, ആ നല്ല മൂല്യങ്ങള്‍, തിരിച്ച് കൊണ്ടു വരാന്‍ നമുക്ക് സാധിക്കണം.

ഹൈന്ദവനും ക്രൈസ്തവനും മുസല്‍മാനുമെന്നു വേര്‍തിരിച്ചെടുക്കുന്ന ലോകത്തില്‍ നിന്നും മുക്തി നേടി പുതുതലമുരയായ നാം സൌഹൃദത്തിന്‍ വിത്തുകള്‍ പാകി വേര്‍തിരിവില്ലാത്ത ലോകമായി മാറ്റണമെന്നു പറഞ്ഞു കൊണ്ട് ഞാന്‍ നിര്‍ത്തുന്നു- നന്ദി.

3 comments:

  1. കവിത രചന രീതി കൊടുത്തത് നന്നായി
    പ്രണയവും സൌഹൃദവും കടന്നു വരട്ടെ മനപൂർവ്വം അല്ലാതെ വരികളിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് തന്നെ
    ആശംസകൾ

    ReplyDelete
  2. നല്ലത് വരട്ടെ..നല്ല കാലം വരട്ടെ..........

    ReplyDelete