Thursday, January 23, 2014

പൊന്‍പുലരി



ഒരായിരം സ്വപ്നങ്ങളി-
ലായുണരുമീ കാലത്തില്‍
ഒലിവിലകള്‍തന്‍കൊക്കി-
ലിറുക്കിപ്പറവകളായ്
നാമിരുള്‍ മൂടി മൂകമാമീ
ലോകത്തിലുയരങ്ങള്‍
താണ്ടി  ചിറകടിച്ചുയരുന്നു

 തെറ്റിന്നന്ധകാരം
വീണമണല്‍തരികളില്‍
പുതു പ്രതീക്ഷകളിലായ്
കനിവിന്നണയാത്ത
ജ്വാലാഗ്നിയായ്
സ്നേഹത്തിന്‍ വറ്റാത്ത
തെളിനീര്‍കണങ്ങളായ്
സമത്വത്തിന്നസ്തമിക്കാത്ത
പൊന്‍ കിരണങ്ങളാ-
യുദിച്ചുയരുന്നു നാം

കാലങ്ങളനവധിയലിയി-
ച്ചോടും ചരിത്രത്താളുകളില്‍
വീണ്ടെടുപ്പിന്‍  വിപ്ലവങ്ങള്‍
പുന: സൃഷ്ടിക്കും നാം

വിവേചനത്തിന്‍ വേലി-
ക്കെട്ടുകളൊന്നൊന്നാ-
യടര്‍ത്തിയൊരുമയെ-
ന്നേകമരമൊരുവേരിന്‍
തുമ്പുപോലും നശിക്കാതെ 
നട്ടുവളര്‍ത്തും  നാം

കപടലോകത്തിന്‍ മൂടുപട-
ങ്ങള്‍ക്കുള്ളിലായിരുള്‍വീണ
 പാതയോരങ്ങളില്‍ സത്യത്തിന്‍
 റാന്തല്‍വിളക്കേന്തും നാം

കാലങ്ങളേറെക്കഴിഞ്ഞാലും
മണ്ണിന്‍ ഹൃദയസ്പന്ദനമായ്
മായാത്ത കാല്‍പാടുകളി-
ലൂടെയൊഴുകുമീ വറ്റാത്ത
യരുവി പോല്‍ പ്രസ്ഥാനം
 പൊന്‍ പുലരിയെന്‍ പ്രസ്ഥാനം !

Sunday, January 19, 2014

സാക്ഷി


ഓടുന്നു
കാലമെങ്ങോ
കാണാമറയത്ത്

കേള്‍ക്കാത്ത താളങ്ങള്‍ പോല്‍
വിടരാത്ത സ്വപ്നങ്ങള്‍

കാണാത്ത ലോകം
കണ്ടുറങ്ങുന്നു യുവത്വം
കരയുന്നു പത്രത്താളുകള്‍
ചോരയിലും തട്ടിപ്പിലും

ഉണരുന്നില്ലയീ ലോകം,
പുലരുന്നില്ലയീ കാലം
പൂക്കുന്നില്ല ചെടികള്‍
കായ്ക്കുന്നില്ല മരങ്ങള്‍
ചിലക്കുന്നില്ല പക്ഷികള്‍
കൊയ്യുന്നില്ല നിലങ്ങള്‍

സ്നേഹമിന്നന്യമായ്
യാത്രകള്‍ക്കന്ത്യമില്ലാതായ്
ചിരികള്‍ മായ്കയായ്
മരങ്ങള്‍ കൊഴിയുകയായ്
ബന്ധങ്ങള്‍ അകലുകയായ്
ഇച്ഛകള്‍ മറയുകയായ്

നേരമിന്നു
നേരത്തെ ഇരുട്ടി
മതില്‍ ചാടിച്ചിലര്‍
ശവപ്പറമ്പില്‍
എരിഞ്ഞു തീരാത്ത
ചുടുമാംസം തിന്നുന്നു

അവര്‍,
ചത്തൊഴിഞ്ഞിട്ടും
പകതീരാത്തവര്‍
അവര്‍ക്കുള്ളതാണത്രെ
ഭൂമിയുടെ സര്‍വ്വാധികാരം !

പിന്നെയും
ഓടുന്നു
കാലമെങ്ങോ
കാണാമറയത്ത്.....


....................<< സാന്‍ >>..

Thursday, January 2, 2014

കണ്ണട

കാലം മായ്ച്ച സത്യത്തിന്‍
കണ്ണട എനിക്കും നഷ്ടമായ് !
തിമിരം ബാധിച്ച കണ്ണുകള്‍
കണ്ണടക്കായലഞ്ഞപ്പോള്‍
തിരിച്ചറിഞ്ഞു ഞാന്‍
കാലത്തിന്‍ പിന്നാമ്പുറങ്ങളി-
ലതലിഞ്ഞില്ലാതായെന്ന്!

ആവര്‍ത്തിക്കയാണ് കാലം

പിന്തിരിയുന്നില്ല സമയം
ഊട്ടുറപ്പിക്കയായ്
മതത്തിന്‍ വേലിക്കെ-
ട്ടുകള്‍ പിന്നെയും

പണിയുന്നു പിന്നെയും
നിര്‍ദ്ദാക്ഷിണ്യം
ജാതിതന്‍ പടവുകള്‍

സത്യവും നീതിയും
പണച്ചാക്കുകള്‍ക്കുള്ളിലായ്
സ്നേഹവും സഹകരണവും
ബീവറേജ് കോര്‍പറേഷനു
മുന്നില്‍ മാത്രമായ്

തിരിച്ചറിയുന്നു ഞാന്‍
എന്നെത്തഴുകുന്ന
കാറ്റിലുമുണ്ട്
വഞ്ചനയുടെയംശം
ഞാന്‍ ശ്വസിക്കുന്ന
ജീവവായുവിലുമുണ്ട്
ശത്രുതയുടെ രൂക്ഷഗന്ധം

ഞാനിന്നന്ധനാണ് !
കാലം ആവര്‍ത്തിക്കയാണ്!