Tuesday, June 25, 2013

കവിത : പുതിയ പ്രഭാതം

സ്വര്‍ണ്ണ കുപ്പായം ധരിച്ച വയലുകള്‍
കളകളം പാടിയൊഴുകും  പുഴകള്‍
പച്ച പരവതാനി വിരിച്ച മലകള്‍
ഉണങ്ങിയ മരത്തിനടിയിലാ കവി
പഴയകാല സ്മരണകള്‍ തന്‍മനസ്സില്‍
പുതു പ്രഭാതത്തിന്‍ സ്വപ്നമായ് കണ്ടു
(അപൂര്‍ണ്ണം) 

കഥ : ചോരണം


സന്ധ്യയുടെ അന്ത്യയാമങ്ങളില്‍ കലാകാരന്മാരേക്കാള്‍ നന്നായി ഭൂമി പ്രകൃതിയെന്ന ബ്രഷില്‍ വിവിധ ചായങ്ങള്‍ കൊണ്ട് വര്‍ണ്ണാഭമായ ചിത്രം വരച്ചു.

ഭൂമി ഒരു നാള്‍ ചിത്രം വരയ്ക്കാന്‍ ഒരുങ്ങിയപ്പോള്‍  ബ്രഷും ചായങ്ങളും  കാണുന്നില്ല.

ഭൂമി കുറെ സമയം  പരതിയതിനു  ശേഷം തിരിച്ചറിഞ്ഞു -
അവ മനുഷ്യന്‍ അപഹരിച്ചെന്ന്‍.

Monday, June 24, 2013

കഥ : സ്വപ്നം



നാട് മുഴുവന്‍ പച്ചപ്പിലാണ്ട് കിടക്കുന്നു . നല്ല തണുപ്പുള്ള ദിവസമായിരുന്നു. അയാള്‍ ആ തണുപ്പ് വകവെക്കാതെ രാവിലെ നടക്കാനിറങ്ങി.

സ്വര്‍ണ്ണ നിറത്തിലുള്ള നെല്‍വയലുകളെ കീറിമുറിച്ച് വരമ്പിലൂടെ അയാള്‍ നടന്നു നീങ്ങി. വഴിയോരങ്ങള്‍ സ്വര്‍ണ്ണപൂക്കള്‍ കൊണ്ടലങ്കരിച്ചിരുന്നു.

അയാള്‍ നദിക്കരയിലെത്തി. ആ കുത്തിയൊഴുകുന്ന വെള്ളത്തില്‍ വെറുതെ അയാള്‍ കയ്യിട്ടപ്പോള്‍ ഞെട്ടിയുണര്‍ന്നു. പുറത്ത് ബഹളം കേള്‍ക്കുന്നുണ്ട്. അയാള്‍ ജനാലയില്‍ കൂടി നോക്കി. പുറത്ത് ആളുകള്‍ കുടങ്ങളുമായി നില്‍പ്പുണ്ട്.

അങ്ങകലെ വരണ്ട വയലുകള്‍ക്കരികിലുള്ള ഉണങ്ങിയ മരങ്ങള്‍ക്കിടയിലൂടെ വെള്ളത്തിന്റെ വണ്ടി വരുന്നത് പൊടിപടലം കൊണ്ട് മൂടിയ അന്തരീക്ഷത്തില്‍ അവ്യക്തമായി കാണാമായിരുന്നു.

Friday, June 14, 2013

ചീന്ത്

വീണ്ടുമതാ വിദ്യാല-
യത്തിന്‍  കവാടങ്ങള്‍
പുസ്തകത്തിന്‍ താളുകളിലെ
മാന്ത്രികചിപ്പിയില്‍വീണു
പഠനത്തിന്മുത്തുകള്‍
ഹൃദയത്തില്‍വാരിയെ-
 റിയാന്‍മാടിവിളിക്കുന്നു.

അവധിക്കാലമോര്‍മ്മ-
കളാകും കൊറ്റികള്‍
വീണ്ടും വരുമെന്നുറപ്പോടെ
ഹൃദയത്തില്‍നിന്നു
പാറിപ്പറന്നുപോയ്

കഥ : കിരണം



സ്നേഹം അന്നൊരു നദിയായിരുന്നു.

മാനവന്‍ വിശ്വാസത്തിന്റെ മണല്‍ വാരിയെടുത്ത് ചതിയുടെ ലോറികളില്‍ കടത്തിക്കൊണ്ട് പോയി. അരികിലുണ്ടായിരുന്ന ഉറ്റവരും ഉടയവരുമായ മരങ്ങളെയും അവര്‍ ലാഭക്കൊതി മൂത്ത് മുറിച്ച് വിറ്റു.
...
നദിയൊരു പുഴയായി....
പുഴയൊരു അരുവിയായി...
അരുവിയൊരു തോടായി....
തോടൊരു ചെറു ചാലായി...

എന്നും ആ സ്നേഹത്തിന്‍ ചാല്‍ ആകാശത്തേക്ക് പ്രതീക്ഷയോടെ നോക്കി നില്‍ക്കും - കനിവിന്‍ കാര്‍മേഘങ്ങള്‍ കൂടുന്നതും കാത്ത്!