Sunday, September 22, 2013

കവിത : റോസാപൂവ്

ക്രൂരതയുടെ 
ആകാശത്തില്‍
ചതിയുടെ വിഷത്തുള്ളി-
കളിറ്റിറ്റു വീണു
ലോകത്തിന്‍ പൂന്തോപ്പില്‍
വാടിത്തളര്‍ന്നു പോയ
റോസാപ്പൂക്കള്‍..

ഇടയില്‍
പൊന്‍കുമിളകള്‍ പോല്‍
വിരിയാനായ് നില്‍ക്കും
പൂമൊട്ടുകള്‍

ബന്ധത്തിന്‍
മഴ പെയ്യുന്നതും
സമാധാനത്തിന്‍
സൂര്യനുദിക്കുന്നതും
ശാന്തിതന്‍ പൂര്‍ണ്ണചന്ദ്രന്‍
നിലാപൊഴിക്കുന്നതും കാത്ത്
എന്നുമവ ആകാശത്തേക്ക്
പ്രത്യാശയോടെ
നോക്കി നില്‍ക്കും

Sunday, September 15, 2013

കവിത : കാവല്‍ക്കാര്‍

ജാതിമതങ്ങള്‍ പലതുമാം
നമ്മളൊരാമാമരത്തില്‍
സ്നേഹത്തിന്‍ കൂടുവെച്ചു

കലപില ശബ്ദങ്ങളാല്‍ നാമാ-
വൃക്ഷച്ചില്ലകള്‍ രാവും
പകലും ശബ്ദമുഖരിതമാക്കി.

ഒരുനാളതാ വര്‍ഗ്ഗീയത
തന്‍ കോടാലിയൊരു
നിമിഷാര്‍ദ്ധം കൊണ്ടാ
മാമരത്തെയില്ലാതെയാക്കി
ഒരു ഘോര ഗര്‍ജ്ജനത്തോടെ-
യതു നിലം പൊത്തി വീണു.
ക്ഷണം നേരം കൊണ്ടാ സൗഹൃദം
മണ്ണോടുമണ്ണു ചേര്‍ന്നു.

വര്‍ഷങ്ങള്‍ പലതുകടന്നു പോയി.

അപ്പടുവൃക്ഷത്തിന്നടയാള-
മെങ്കിലും ദര്‍ശിക്കാനായ്
ചെന്ന ഞാന്‍ കണ്ടു കണ്‍കുളിര്‍----
ക്കെയതിന്‍ ശേഷിപ്പുകളില്‍
നിന്നും പൊട്ടി മുളച്ചവരും
സൌഹൃദത്തിന്‍ ചെറുചില്ലകള്‍!! !

എന്റെ കളിക്കൂട്ടുകാരോടൊന്നിച്ചു
ഞാനാ കുഞ്ഞുചില്ലകളില്‍
സ്നേഹത്തിന്‍ കൂടൊരുക്കി.
കോടാലിക്കൈകളെ ചെറുത്തു
തോല്‍പ്പിക്കാനായ് ഞങ്ങളതിന്‍
ചോട്ടില്‍ രാപ്പകല്‍ കാവലിരുന്നു


വീഴരുതൊരു കോടാലി
യിനിയുമീ വേരില്‍ നിര്‍ദ്ദയം,
ക്ഷമയില്ലിനിയിവക്കൊരിക്കല്‍
കൂടി പുനര്‍ജ്ജനിക്കാന്‍