Friday, December 5, 2014

കവിത: ചിതലരിക്കുന്നത്



ഇന്ന് വായനാ ദിനം
തുരുമ്പ് പിടിച്ച
വാതിൽ പടി
ഒന്നിളകി
വെളിച്ചം കണ്ണിലേക്ക്
തുളച്ചു  കയറി

''കയറി''നെയും
കവിതയെയും
ചിതൽ പകുതി
അകത്താക്കി

വിണ്ടുകീറിയ മതിൽ
വാടക പ്രസംഗിയുടെ
വിടുവായിത്തം കേട്ട്
ഉറക്കെച്ചിരിച്ചു
ചിരിയിൽ പങ്കാളിക-
ളാകാനവിടെ ചെവിയുള്ള-
വരാരുമുണ്ടായിരുന്നില്ല.


കാലം പിന്നിടുമ്പോൾ
മുറി
ഒരു കവലയായിരുന്നു.
ഇന്നത് കാവും !

പൊടിപിടിച്ച
പുസ്തകത്തലക്കെട്ടുകൾ
വായിക്കാൻ
ഈ വായനാദിനത്തിലും 
കുട്ടികൾക്കായില്ല
സാംബ്രാണിത്തിരി
പരസ്യം പോലെ
യുവതലമുറ ദിശ മാറ്റി പറഞ്ഞു:
''പഴയ അച്ചടി ഞങ്ങളെ
തുറിച്ചു നോക്കുന്നു''

ഇപ്പോൾ,
സായാഹ്നമായ്
വീണ്ടുമാ പുസ്തകക്കെട്ടുകൾ
കാരാഗൃഹത്തിലെക്ക്
കൂട്ടത്തോടെ ...

ചിതൽക്കുഞ്ഞുങ്ങൾക്കിനി
സ്വച്ഛമായ് കരണ്ട്കൊണ്ടിരിക്കാം...
പുസ്തകത്താളുകളെ ,
വാമൊഴികളെ ,
ഓർമ്മകളെ ,
ചരിത്രത്തെ,
സംസ്കാരത്തെ....
(published in Uttaradesam weekly 8th November 2014 
http://utharadesamonline.com/article_details&article_id=1632 )