Tuesday, July 22, 2014

കവിത : ഗസ്സ

ഭയക്കുന്നു ഞാനിന്ന് പത്ര-
ത്താളുകള്‍ മറിച്ചൊന്നു നോക്കാന്‍
കണ്ടു മടുത്തു ക്രൂരതതന്‍
നിഘണ്ടുവിലില്ലാക്കാഴ്ചകള്‍
പറക്കമുറ്റാത്ത കുഞ്ഞു-
ങ്ങളീയാംപാറ്റകളായ്
ചോരയില്‍ മുങ്ങി കുളിച്ച്.....
ചിറകറ്റുപോയ്‌ വെള്ളരിപ്രാവും
എങ്ങോ മറഞ്ഞു പോയൊലിവിലയും !


മീതെ പാറിക്കളിക്കുന്നത്
പട്ടമല്ല; ബോംബും മിസൈലും
നുകരുന്നതവര്‍ മുലപ്പാലല്ല;
അമ്മതന്‍ മാറില്‍ ചിന്തും ചോരമാത്രം
കളിക്കുന്നതവര്‍ കളിപ്പാട്ടങ്ങളല്ല;
മൃതദേഹങ്ങള്‍ക്കരികില്‍
വിട്ടേച്ചുപോയ ബോംബിന്‍ചീളും
തോക്കിന്‍ബാക്കികളും
ഉറങ്ങാറില്ലര്‍ധരാത്രിയിലും
കണ്ണുകള്‍ കൂര്‍പ്പിച്ചാകാശത്തെക്ക്
മരണകാഹളവും കാത്ത്
കഴിയുകയാണവര്‍.


മരണം മാറോടണച്ചവരേ,
നിങ്ങള്‍ ചേതനയറ്റ
വെറും മൃതദേഹങ്ങളല്ല;
പിറന്ന മണ്ണിനായ്
മെയ്മറന്നുപോരാടിയ 

ധീരരക്തസാക്ഷികളാണ് !

പ്രിയ ഗസ്സാ,
നീ ക്ഷമിക്കൂ, ക്ഷമിക്കാന്‍
പറ്റാത്തതാണെങ്കിലും
കൈകളുയര്‍ത്തുന്നു
നിനക്കായ് ലോകം


ഗസ്സാ,

കാലടിയൊച്ചകള്‍
കേള്‍ക്കുന്നു ഞാന്‍
ആ പ്രഭാതം വരിക തന്നെ ചെയ്യും
അവരാകാശമുയരത്തില്‍
പാരതന്ത്ര്യത്തിന്‍ 

ഫൈബര്‍മതില്‍ പണിതാലും

ഓ ഗസ്സ,
മരിക്കില്ല നീയൊരിക്കലും
മരണ വിളയാട്ടം നടത്തും 

നിന്‍ മണ്ണിലൊരിക്കല്‍ 
സ്വാത്രന്ത്ര്യത്തിന്‍പ്പൂപതാക 
മാനംമുട്ടെ കാറ്റില്‍പ്പാറിക്കളിക്കും
ഊതിക്കെടുത്തിയ 

പിഞ്ചുരക്തസാക്ഷികളന്നാകാശത്ത്
നക്ഷത്രകുഞ്ഞുങ്ങളായ്
പാറിപ്പറന്നുവന്നു 
നിനക്കഭിവാദ്യമര്‍പ്പിക്കും

--------------------------------------------<< സാന്‍ >>

ഈ കവിത Britishmalayali പത്രത്തിലും Marunadanmalayali പത്രത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Wednesday, July 16, 2014

എഴുതിത്തുടങ്ങിയ കഥ.......




അയാളിന്നുണര്‍ന്നത് സര്‍ക്കാരിന്റെ വെള്ളത്തിന്റെ ലോറിയുടെ ശബ്ദം കേട്ടായിരുന്നു. അയാള്‍ പായയില്‍ നിന്നെഴുന്നേറ്റിരുന്നു. നിശബ്ദതയെ കീറി മുറിച്ചുകൊണ്ട് പുറത്ത് കുതിച്ചു പായുന്ന വാഹനങ്ങളുടെ ശബ്ദം അയാളെ അലോസരപ്പെടുത്തി. അയാള്‍ എഴുന്നേറ്റ് കാലപ്പഴക്കമേറ്റ് തുരുമ്പിച്ച കുടയെടുത്ത് മുറ്റത്തേക്കിറങ്ങി. പൊട്ടിപ്പൊളിഞ്ഞ മണ്‍കഷണങ്ങള്‍ക്ക് മേല്‍  വേച്ചുവേച്ചു നടന്നു. ഉണങ്ങിക്കഴിഞ്ഞ മരത്തിനടുത്തുള്ള ഒഴുകാത്ത ചാല്‍ ലക്ഷ്യമാക്കി അയാള്‍ നടന്നു......


ആ ചാല്‍ പണ്ടൊരു വറ്റാത്ത നദിയായിരുന്നു. അയാള്‍ തന്‍റെ കുട്ടിക്കാല ഓര്‍മ്മകളിലേക്ക് മുങ്ങാങ്കുഴിയിട്ടു. ആദ്യമായി നീന്തല്‍ പഠിക്കാന്‍ വന്നപ്പോള്‍ തന്നെ നദി പിടിച്ചുതാഴ്ത്തി പൂഴിതന്നു ഉമ്മ വെച്ചതും പിന്നെ സങ്കടങ്ങളും പരിഭവങ്ങളും സന്തോഷങ്ങളും പങ്കുവെക്കാവുന്ന ഉറ്റ സുഹൃത്തായി മാറിയതുമെല്ലാം തന്റെ ഓര്‍മ്മയിലേക്ക് കൊണ്ടു വന്നു.  


(അപൂര്‍ണ്ണം)