Saturday, April 27, 2013

കഥ : മേഘം പറഞ്ഞത്


ഭൂമി വരണ്ടു കഴിഞ്ഞു.  തവളകള്‍ വിടവുകളില്‍ കിടന്നു  ചത്തു തുടങ്ങി.

എല്ലും തോലുമായ മനുഷ്യര്‍ ആ ചെറിയ വിടവുകള്‍ക്ക് മുകളിലൂടെ ജലത്തിനായ്‌ പരക്കം പായുന്നു.

 സൂര്യന്‍ മുകളില്‍ കത്തിജ്ജ്വലിച്ചു കൊണ്ടിരിക്കുന്നു. അപ്പോള്‍ അത് വഴി വന്ന ഒരു കാര്‍മേഘം സൂര്യനോട്  ചോദിച്ചു:  ഇങ്ങിനെ കത്തിജ്ജ്വലിക്കുന്നതെന്തിനാ..? ദേ.... ആ കാണുന്ന മേഘങ്ങള്‍ക്ക് പിന്നില്‍ പോയിരുന്നാല്‍    ആ മനുഷ്യര്‍ക്കിത്തിരി ആശ്വാസമെങ്കിലുമാകില്ലേ....? ഞാന്‍ മഴയായ് പെയ്യുകയും ചെയ്യാം....

ഇത് കേട്ട് സൂര്യന്‍ ഒരു ദയയുമില്ലാതെ ഇങ്ങിനെ പ്രതിവചിച്ചു: വേണ്ട... വെള്ളത്തിന്റെ വില അവരറിയണം. എന്റെ കണ്ണാടിയായ പുഴയെ അവര്‍  വറ്റിച്ചു. എന്നോട് പുഞ്ചിരിച്ചും കിന്നാരം പറഞ്ഞും സദാ സമയം എന്നോടൊപ്പം ചെലവഴിച്ച മരങ്ങളെയും മലകളെയും അവരില്ലാതാക്കി....അന്നെന്റെ ആ നല്ല ചങ്ങാതിമാര്‍  എന്നോട് പറഞ്ഞിരുന്നു - ഇവരിതിനനുഭവിക്കുമെന്ന്‍.....അനുഭവിക്കട്ടെ...
കാലാകാലങ്ങളോളം ഇവരും ഇവരുടെ തലമുറകളും ദാഹത്തിന്റെ സുഖമനുഭവിക്കട്ടെ !

ക്രുദ്ധനായ സൂര്യന്‍ ഒരല്‍പ്പം ശാന്തനായപ്പോള്‍ കാര്‍മേഘം പറഞ്ഞു - ഇവരിന്നു വെള്ളത്തിന്റെ മഹത്വം മനസ്സിലാക്കി കഴിഞ്ഞു. കണ്ടില്ലേ.... ആ ടാങ്കര്‍ ലോറിക്ക് പിന്നില്‍ അവര്‍ വെള്ളത്തിനായ് അടിപിടി കൂടുന്നത്. എനിക്കുറപ്പുണ്ട് ഇവരിനി  വെള്ളം പാഴാക്കില്ലെന്നു.  ഇതും പറഞ്ഞു കാര്‍മേഘം തിമര്‍ത്ത് പെയ്യാന്‍ തുടങ്ങി.

വിണ്ടുകീറിയ മണ്ണിന്‍ വിടവുകളില്‍ നിന്ന് ദാഹജലത്തിനായ് വെപ്രാളപ്പെടുന്ന മാക്രികള്‍ പുറത്തേക്ക് തുള്ളി ചാടി കരയാന്‍ തുടങ്ങി. ഉണങ്ങി കരിഞ്ഞു തുടങ്ങിയ  മരച്ചില്ലകള്‍ക്ക് പുനര്‍ജന്മം ലഭിച്ചു.

വര്‍ഷങ്ങള്‍ പിന്നിട്ടു.  ഗ്രാമമാകെ പച്ചയിലാണ്ട് കഴിഞ്ഞു . സൂര്യന്‍ തന്റെ കണ്ണാടിയും കിന്നാരം പറയാന്‍ കൂട്ടുകാരെയും കിട്ടിയ സന്തോഷത്തിലാണ്. പണ്ട് പെയ്ത കാര്‍മേഘം പിന്നെയും വന്നു കണ്ണിറുക്കിചിരിച്ചു.

 ********************************************************************
ടാപ്പ് തുറന്നു വിട്ട് ഓടിപ്പോയ കൊച്ചു കുട്ടികളെ  അത് വഴി വന്ന ഒരു വൃദ്ധന്‍  സ്നേഹത്തോടെ തിരിച്ച് വിളിച്ച്  ഇങ്ങനെ ഉപദേശിച്ചു - ''മക്കളെ , പാടില്ല,  ഈ ധൂര്‍ത്തിനു  ഞങ്ങള്‍ ഒരുപാട് വില നല്‍കേണ്ടി വന്നിട്ടുണ്ട്..... ജലം അമൂല്യമാണ്‌, അത് പാഴാക്കരുത്.''

 *******************************************************************
കാര്‍മേഘം പിന്നെയും കനത്തു.

Tuesday, April 23, 2013

കറുപ്പ്

കാത്തിരിക്കുന്നു
സഹയാത്രികന്‍
പിന്തുടരുകയാണെ-
ന്നറിയാതെയിന്നും
ഓരോ വാഹനത്തിലും
വഴിവക്കിലുമാള്‍-
മറയത്തുമാസ്പത്രി
ക്കിടക്കയിലും
കടലിലും പിന്നെ
കരയിലും ക്ഷമയോടെ
കാത്തിരിക്കുകയാണാ
സഹയാത്രികന്‍

പുതുസ്വപ്നങ്ങള്‍
കണ്ടുണരും പുലരിക്ക്
കരിനിഴല്‍ വീഴ്ത്തി
വരുമാസഹയാത്രികന്‍
നിഴലോളം ദൂരതതില്‍
മരണമാം സഹയാത്രികന്‍

Saturday, April 20, 2013

ജീവജലം

വിജ്ഞാനം തേടി
വേരുകളലയവേ
പ്രതീക്ഷതന്‍ പോളക-
ളടഞ്ഞു തീരവേ
സ്നേഹത്തിന്നിലക-
ളോന്നൊന്നായ് പൊലിയവേ
ക്ഷമതന്‍ ശിഖരങ്ങ-
ളുണങ്ങിത്തീരവേ
മഴയാകുമെന്നധ്യാപകന്‍
ഉണങ്ങി നീരുവറ്റിയില്ലാ-
താകും മുമ്പെന്നെ വാരി
മാറോട് പുണര്‍ന്നു!
ഇനി ഞാന്‍ തളിര്‍ക്കട്ടെ !
(അധ്യാപകനായിരുന്ന  എന്റെ  പിതാമഹന്‍ (ഉപ്പയുടെ മൂത്താപ്പ)  ഇന്നു രാവിലെ വിടപറഞ്ഞു; എനിക്കപ്പോള്‍ തോന്നിയ വരികള്‍.....)

Wednesday, April 17, 2013

മരിക്കുന്ന പുഴവൃദ്ധന്‍ ആ ഉണങ്ങിയ ആറിന്നരികിലേക്ക്
ഒരു തുള്ളി ജലത്തിനായ്‌ ചെന്നു
പുഴക്കരികിലൊരു ചെറുതോടായൊഴുകും
വെള്ളത്തെയാര്‍ത്തിയോടെ
ആ വൃദ്ധന്‍ കുടിച്ചു തീര്‍ത്തു

ഭയപ്പെടുത്തും ശബ്ദമായ് വരും
ചുടുകാറ്റെല്‍ക്കാതിരിക്കാന്‍
പച്ച പ്പോര്‍മ്മയായ് മാറിയ
ഉണങ്ങിയ മരത്തിനടിയിലയാളിരുന്നു
തന്നെപ്പോല്‍ വൃദ്ധനാം പുഴയെ
നോക്കി ചെറുപുഞ്ചിരി തൂകി

യുവത്വമാത്രമുണ്ടായിരുന്നയാറിനെ
മാനവന്‍ വൃദ്ധനാക്കിയതും
കിളികൂജനം കൊണ്ടും വയലുകള്‍
കൊണ്ടുമലംകൃതമാം ഗ്രാമത്തെ
മരുഭൂവാക്കിയതുമയാളാനദിയെ
തന്‍ കുഴിഞ്ഞ കണ്ണുകളാല്‍ നോക്കികണ്ടു !

Tuesday, April 9, 2013

കവിത : ഉറവ


വരണ്ട ഭൂമിയാകുമെന്‍ ഹൃദയത്തില്‍
തെറ്റിന്‍ വിടവുകള്‍ രൂപപ്പെട്ട മണ്ണില്‍
സ്നേഹത്തിന്‍ പെരുമഴ പെയ്യുന്നു

രക്തത്തിന്‍ മണ്ണിലവയലിഞ്ഞു ചേര്‍ന്ന്
പ്രത്യാശയുടെ പ്രതീക്ഷയുടെ
ചെടികള്‍ പൊട്ടിമുളക്കുന്നു

സ്നേഹമാം കനിവിന്‍
നദികളിടതടവില്ലാതെ 
ജീവിതത്തിലുടനീളമോഴുകുന്നു