Saturday, October 26, 2013

കവിത : നക്ഷത്രക്കുഞ്ഞുങ്ങള്‍


അവര്‍ പറവകളായ്
പാറി നടക്കുകയാണ്.
യുദ്ധത്തിന്‍ കൂടുകളില്‍
നിന്ന് സ്വതന്ത്രരായ്
സ്നേഹത്തിന്‍ മാനം നോക്കി
പുതു ചിറകുകളിലാകാശത്തേക്ക്,
അവരല്ല,
അവരുടെ ആത്മാക്കള്‍.

സ്നേഹ-സമാധാനത്തി-
നത്യാര്‍ത്തിയോളം
വിലയില്ലെന്നറിഞ്ഞിട്ടാവാ-
മാ കളിചിരികള്‍ മറന്ന
കുരുന്നുകളീ ദുഷ്ടലോകത്തോട്
വിട പറഞ്ഞത് !

സമുദ്രം സ്വര്‍ണ്ണ നിറമണി-
യുമ്പോളവയൊലിയിലക്കമ്പ്
കൊക്കിലിറുക്കി പുറപ്പെട്ടു.

കൃഷ്ണമണികളില്‍
സൂര്യരശ്മികള്‍ പതിക്കവേ-
യവ പറന്നുയര്‍ന്നു
സ്നേഹത്തിന്നതിരുകളില്ലാ-
മാകാശത്തേക്ക്
ഭീകരതയുടെ കരിമ്പടമില്ലാ
ലോകത്തേക്ക്.

നോക്കി ഞാനീരാവിലും
തെളിഞ്ഞാകാശത്തേക്ക്
കണ്ടാ പറവക്കുഞ്ഞു-
ങ്ങളുടെ കണ്ണുകള്‍
കാര്‍മേഘങ്ങളെ ഭേദിച്ചു
മിന്നിത്തിളങ്ങുന്നു.

ഒലിവിലകള്‍ നിലാവില്‍
വെള്ളി നിറംപൂണ്ടിളം-
കാറ്റില്‍ ചാഞ്ചാടി
ഭൂമിയില്‍ പെയ്തിറങ്ങുന്നു

അറിയിപ്പ്

എന്റെ പ്രിയപ്പെട്ട അധ്യാപകരുടെ അനുഗ്രഹാശിസ്സുകളോടെ എന്റെ ആദ്യ കവിതാ സമാഹാരം - ''കയ്പ്'' നവംബര്‍ 4 -നുഅ (തിങ്കള്‍) പ്രകാശനം - വത്സന്‍ മാഷിന്റെ (വത്സന്‍ പീലിക്കോട്) അവതാരിക. venue : പടല, ജി.എച്ച്.എസ്. സ്കൂള്‍ അങ്കണം. Time : 10.30 am. എല്ലാവരെയും ആദരപൂര്‍വ്വം ക്ഷണിക്കുന്നു. നിങ്ങളുടെയൊക്കെ അനുഗ്രഹം ഉണ്ടാകണം.....

Tuesday, October 15, 2013

എനിക്ക് പറയാനുള്ളത് .............



കെ.എസ്. അബ്ദുള്ള ഹയര്‍ സെക്കന്ററി സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌  ഞാന്‍ കവിത എഴുതിത്തുടങ്ങിയത്.. 

ഒരു മഴയുള്ള ദിവസം. മഴ പെയ്യുന്നതും  നോക്കി ഞാന്‍ ക്ലാസ്സില്‍ ഇരിക്കുകയായിരുന്നു. ഇന്റര്‍വെല്‍ സമയത്ത് എന്റെ ചങ്ങാതിമാരില്‍ ചിലര്‍ അപ്പോള്‍  ക്ലാസ്സിലുണ്ട്. ഞാന്‍ വെറുതെ ഒരു ബുക്കും പെന്‍സിലും എടുത്ത് വരക്കാന്‍ തുടങ്ങി. അന്ന് ഞാന്‍ ചിത്രകല പഠിക്കാന്‍ പോകുന്ന സമയം.  വര പകുതിയിലെത്തിയപ്പോള്‍ എന്തോ ചില വരികള്‍, മഴയെക്കുറിച്ചുള്ള  വരികള്‍ എന്റെ മനസ്സില്‍ ഓടി എത്തി. ഒരു ഏഴു വരിയായിരുന്നു അപ്പോള്‍ എഴുതിയത്. ഞാന്‍ പിന്നെയും വര തുടര്‍ന്നു. 

സ്കൂള്‍ കഴിഞ്ഞു വിട്ടിലെത്തിയപോള്‍ ഞാന്‍ എഴുതിയ കവിത എന്റെ ഉമ്മയ്ക്കും ഫംസിത്താക്കും (എന്റ പിതൃസഹോദരി പുത്രി ഡോ. ഫംസീദ) കാണിച്ചു കൊടുത്തു. അന്ന് അവരില്‍ നിന്നും ലഭിച്ച നല്ല വാക്കുകളാണ് എന്നെ തുടര്‍ന്ന് എഴുതാന്‍ പ്രേരിപ്പിച്ചതിന്നു ഒരു കാരണം. 

ഒരു ദിവസം അനിയന്‍ സമീഹ് എന്റെ കവിതാ ഭ്രമത്തെ  കുറിച്ച് ഉപ്പയോട് പറഞ്ഞതോടെ എന്റെ രചനകള്‍ ബ്ലോഗില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. എന്റെ കവിതകളെ കുറിച്ചും കഥകളെ കുറിച്ചും  ഫെയിസ് ബുക്കിലും ബ്ലോഗിലും വരുന്ന  അഭിപ്രായങ്ങള്‍ ഫോണ്‍ വിളിക്കുമ്പോഴൊക്കെ ഉപ്പ എന്നോട് പറയും. തുടര്‍ന്നു ഞാന്‍ എഴുതിയ എല്ലാ രചനകളും ബ്ലോഗിലും ഫെയിസ്ബൂക്കിലും അപ്ടേറ്റ്‌ ചെയ്യുന്ന ഉത്തരവാദിത്വം ഉപ്പയ്ക്കായി. 

സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ എന്റെ കവിതകള്‍ ഒരു പാട് പേര്‍ ശ്രദ്ധിക്കുന്നുവെന്നറിഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത സന്തോഷം തോന്നി. എന്റെ ചില രചനകള്‍ പത്രത്താളുകളിലും  വിശേഷാല്‍ പതിപ്പുകളിലും കൂടി വന്നതോടെ എന്റെ ആത്മവിശ്വാസം ഒന്ന് കൂടി വര്‍ദ്ധിച്ചു.
കാലടി സര്‍വ്വകലാശാല യിലെ മലയാളം വിഭാഗം തലവന്‍ ഡോ. കൃഷണന്‍ നമ്പൂതിരി സാറിനെ പോലുള്ള ഉന്നത വ്യക്തിത്വങ്ങള്‍ എന്നെ വായിക്കുന്നെന്നു ഉപ്പ പറഞ്ഞപ്പോള്‍ ആദ്യമത് വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു. 

‘’കയ്പ്പ്’’ എന്ന എന്റെ കവിത വായിച്ചു കൃഷ്ണന്‍ നമ്പൂതിരി സാര്‍  ഒരിടത്ത് ഇങ്ങനെ അഭിപ്രായം എഴുതി:
:’’കവിയുടെ കണ്ണും മനസ്സും തന്നിലേക്കും ചുറ്റുപാടിലെക്കും തുറന്നിരിക്കണം. അപ്പോഴാണ് നല്ല കവിത പിറക്കുക. സാന്‍ഷൈന്‍ന്റെ കുഞ്ഞുഭാവന; വലിയ ദര്‍ശനം. ഭൂമിയുടെ ‘’കയ്പ്പ്’’ കവിതയായി ആവിഷ്കരിച്ചിരിക്കുന്നു. മോന്‍ ഇനിയും എഴുതുക, നല്ല ഭാഷയാണ്‌; ഭാവനയാണ്.’’ എഴുത്തില്‍ പിച്ച വെച്ച് കയറുന്ന എനിക്ക് സന്തോഷിക്കാന്‍  ഇതിലപ്പുറം എന്താണ് വേണ്ടത് ?

ആദ്യമൊക്കെ ഞാന്‍ എഴുതിയിരുന്നത് പ്രകൃതിയെ കുറിച്ചായിരുന്നു. ചെറുപ്പത്തില്‍ എല്ലാവരെയും പോലെ ഞാനും കൂടുതല്‍ നിരീക്ഷിച്ചത്  പ്രകൃതിയെയായിരുന്നു. അത് എന്റെ രചനകളില്‍ അക്ഷരങ്ങളായി ഒഴുകി. അന്നൊന്നും സാഹിത്യത്തെ കുറിച്ചു  വലിയ ധാരണ ഉണ്ടായിരുന്നില്ല. മനസ്സില്‍ തോന്നുന്നത് ഞാന്‍ കടലാസില്‍ പകര്‍ത്തി.  

ഏഴാം ക്ലാസ് മുതല്‍ എന്റെ പഠനം പടല ഗവ: സ്കൂളിലായി. മുമ്പത്തെ സ്വകാര്യസ്കൂളിനെ അപേക്ഷിച്ച് പടല ഗവ. സ്കൂളില്‍ എനിക്ക് സ്വാതന്ത്യം കൂടുതലായിരുന്നെങ്കിലും കൂട്ടുകാര്‍ വളരെ കുറവായിരുന്നത് എന്നെ വിഷമിപ്പിച്ചു.  (ആ വര്‍ഷം ക്ലാസ് ലീഡര്‍ പദവി എന്റെ തലയില്‍ വെച്ച് തന്നത് ആ കൂട്ടുകാരായിരുന്നു- വെന്നത് വേറെക്കാര്യം. ! )

എന്റെ രചനകളിലെ വിഷയം പതിയെ പതിയെ പ്രകൃതി വിട്ട് സാമുഹിക വിഷയങ്ങളിലേക്ക് കടന്നു. ആ വര്‍ഷം കാസര്‍കോട് ജില്ലാ ലൈബ്രറിയില്‍ അംഗമായതും ഇതിനൊരു കാരണമാവാം. ധാരാളം നല്ല പുസ്തകങ്ങള്‍ എനിക്കത് വഴി വായിക്കാന്‍ അവസരമുണ്ടായി. ഞാന്‍ വായിക്കുന്ന പുസ്തകങ്ങള്‍ മുഴുവന്‍ എന്നെക്കാള്‍ ധൃതിയില്‍   ഉമ്മയും വായിക്കാന്‍ തുടങ്ങിയതോടെ വായനയില്‍ എനിക്ക് അവര്‍ ഒരു കൂട്ടായി മാറി. അങ്ങിനെയാണ് ഞാന്‍ ബഷീറിനെയും എം.ടി.യെയും സക്കറിയെയും പെരുംബടവത്തെയും ഒ.എന്‍.വിയും സുഗതകുമാരിയും കക്കട്ടിലിനിയെയും മലയാറ്റുരിനെയും മറ്റും മറ്റും വായിച്ചത്.

എന്നെ ഏറ്റവും സ്വാധിനിച്ച എഴുത്ത്കാരന്‍ എം.ടി. വാസുദേവന്‍ നായരാണ്. അദ്ദേഹം ഉപയോഗിക്കുന്ന ശൈലിയാണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടതും.

എനിക്ക് എല്ലാവരെയും ഇഷ്ടമാണ്. എന്നെ സ്നേഹിക്കുന്ന എന്റെ അധ്യാപകരെയും സഹപാഠികളെയും മാതാപിതാക്കളെയും ഞാന്‍ പോലും കാണാത്ത അറിയാത്ത എന്റെ വായനക്കാരെയും.  അവരോടോക്കെയുള്ള നന്ദിയും കടപ്പാടും വാക്കുകള്‍ക്കപ്പുറ,മാണ്.

ആദ്യത്തെ എന്റെ ഈ പുസ്തകവും അവര്‍ക്കാണ്. എന്നെ വായിക്കാന്‍ സമയം കാണുന്ന ആ  നല്ല വായനക്കാര്‍ക്ക്.

സ്നേഹപൂര്‍വ്വം
സാന്‍ഷൈന്‍

കവിത : തിരിച്ചറിയാന്‍ വൈകുന്നത്



ഒരു രാവില്‍
ഇരുട്ടിന്‍ മറവില്‍
പാത്തിരുന്നു അയാള്‍.
കണ്ടയാളവിടെയൊരു
മൂവര്‍ സംഘം
കളിചിരി തമാശകളുമായി
കാലൊച്ചയുണ്ടാക്കുന്നത്..

ചാടിവീണയാള-
വരുടെ മുന്നിലേക്ക്
കൊന്നൊടുക്കി നിമിഷ-
നേരം കൊണ്ടാ
മൂവര്‍ സംഘത്തെ.

കണ്ടയാള്‍ ഒരുവനില്‍
കുരിശ് മാലയും, അപരരില്‍,  
നെറ്റിയില്‍ ചന്ദനക്കുറിയും
മായാത്ത നിസ്ക്കാരത്തഴമ്പും !

ഹൃദയത്തില്‍ നിന്നു
മനുഷ്യത്വബോധമുണര്‍-
ന്നപ്പോഴെക്കുമയാള്‍
തിരിച്ചറിഞ്ഞു.
സ്നേഹത്തിന്‍
പാതകളില്‍ മതത്തിന്‍
ചെങ്കല്ലുകള്‍ താങ്ങി
നിര്‍ത്തും സൌഹൃദത്തിന്‍
പാലമാണീനിമിഷം കഠാരമുന-
കൊണ്ടില്ലാതാക്കിയതെന്നു.



വിറങ്ങലിച്ച കൈകള്‍-
കൊണ്ടു ചാലിച്ചു നോക്കി-
യയാളവരുടെ ചോര
നിറമാറ്റമില്ല ചുമപ്പ്,
സാഹോദര്യത്തിന്‍ ചെംചുമപ്പ്
********************************
ഈ വിശുദ്ധജഡ-
ങ്ങളിപ്പോഴുമീ 
വഴിക്കരികില്‍
കാത്തിരിപ്പാണ്
കാപട്യമില്ലാത്ത
ചുമലുതേടി.
കളങ്കമേല്‍ക്കാത്ത
ആറടിമണ്ണുതേടി.

Sunday, October 13, 2013

യുദ്ധപ്പിറ്റെന്ന്

പത്രത്താളുകളില്‍
യുദ്ധാങ്കണത്തിന്‍
ചിത്രങ്ങള്‍ ഇന്നും
കാണിച്ചിരിക്കുന്നു.

പലകണ്ണുകളില്‍
പല ഭാഷകള്‍
അധികാരിയുടെ
കണ്ണുകളില്‍
ആര്‍ത്തിയുടെ ഭാഷ
പട്ടാളത്തിന്‍
കണ്ണുകളില്‍
ക്രൂരതയുടെ ഭാഷ
പരാജിതന്റെ
കണ്ണുകളില്‍
നിരാശയുടെ ഭാഷ
അഭയാര്‍ത്ഥിയുടെ
കണ്ണുകളില്‍
സംഘര്‍ഷത്തിന്‍ ഭാഷ

ഞാന്‍ തെരയുന്നത്,
കൊതിതീരാത്ത
ജീവിതസ്വപ്നങ്ങള്‍
കടലെടുത്ത കുട്ടികളുടെ
കണ്ണുകളിലെ
ഭാഷയാകുന്നു.
സങ്കടത്തിന്റെ ഭാഷയോ ?
നിസ്സഹായതയുടെ ഭാഷയോ ?
അതോ  ദയനീയതുടെയൊ?

കുട്ടിത്തത്തിന്‍ ഭാഷയി-
ലൂടൊഴികി നടന്ന
കടലാസ് തോണിയും
കുഞായഭാഷയില്‍
കിന്നരിച്ച  കളിപ്പാട്ടങ്ങളും
ആഗ്രഹങ്ങളൊരുക്കൂട്ടിയ
കുപ്പിവളക്കഷ്ണങ്ങളു-
മിനിയെന്നാണവരെ
പുഞ്ചിരിയുടെ ഭാഷയില-
ഭിസംബോധന ചെയ്യുക ?

Wednesday, October 9, 2013

നെല്ലിക്ക

വരച്ചു ഞാന്‍
നെല്ലിക്കയിലെന്‍ഭൂമി
കണ്ടു ഞാന്‍
നാരുകളില്‍ പല
ജീവിതരേഖകള്‍
രുചിച്ചു ഞാനതിനെ
ആദ്യം കയ്പ്;
പിന്നെ മധുരം ..


എറിഞ്ഞ കുരുവിലുള്ളതു
 ഞാനറിഞ്ഞില്ല
 അതായിരുന്നെന്നാത്മാവ് 

മണ്ണിലലിഞ്ഞു തീരുമു- 
മ്ബെന്നാത്മാവിനെ 
ഒരു കടല്‍കാക്ക ചുണ്ടി-
ലിറുക്കിപ്പറന്നു പോയി

കടലുംകടന്നാകാശത്തേ-
ക്കുള്ള പാതയിലാകുരു 
വീണു മുങ്ങി പിടഞ്ഞു താണു
കണ്ണീര്‍കടലിന്നാഴ-
ങ്ങളിലേക്കനന്തതയി-
ലേക്കതൂളിയിട്ടു.

ഇനിയെന്നാത്മാവിനു 
കടലോളമുപ്പുരസം !