Sunday, September 28, 2014

തീ


സർക്കാരാപ്പീസിൽ
ചുവരിൽ തൂക്കിയ
ചിത്രത്തിലെ പൊടി
ജട പിടിച്ച കൈകൾ കൊണ്ട്
വായുവിൽ വീശി
ഫാൻ ഒറ്റ നിമിഷം
കൊണ്ടു പറപറപ്പിച്ചു


മാറാല പിടിച്ചു കിടക്കുന്ന
പരാതിക്കെട്ടുകൾ വായിച്ചു
ഷെൽഫുകൾ കോട്ടു വായിട്ടു

അയൽക്കാരനെതിരെ
ജയിക്കാൻ ചിക്ക്ലിനോട്ടുകൾ
ആപ്പീസറുടെ മനസ്സ്
ഇക്കിളിപ്പെടുത്തിയത്
പതിവു സംഭവമായതിനാൽ
മേശ അതിനു ചെവി കൊടുത്തില്ല

ഉദ്യോഗസ്ഥരുടെ കണ്ണുകൾ
തന്റെ നേർക്കാണെന്നു
കണ്ടപ്പോൾ ഘടികാരം
ഒന്ന് കൂടി ഉഷാറായി
പെൻഡുലം ചലിപ്പിച്ചു

1361.....1362...
നിലം തന്റെ മേൽ
ഇറ്റിറ്റു വീഴുന്ന
കണ്ണീർ കണങ്ങൾ
എണ്ണി ക്കൊണ്ടിരുന്നു

മകളുടെ സര്ടിഫിക്കറ്റ്
ശരിയാക്കാൻ
ആപീസിൽ സുര്യോദയം മുതൽ
കസേരകൾ വലം വെക്കുന്ന
അമ്മയോട് ക്ലാർക്ക് പറഞ്ഞു:
''തള്ളേ ... ഏമാൻ ഇന്നും
വരാതിരിക്കാനാണ് സാധ്യത''

അപ്പോൾ
ഭൂമിയിലേക്ക്
ഉരുണ്ടു വീണ ആ അമ്മയുടെ
കണ്ണീർ തുള്ളികൾ
തമ്മിലുരസി
തീക്കനൽ തീർത്തു

ഇനിയീ അഗ്നി നാളങ്ങൾക്ക്
നക്കി തീർക്കാൻ
തുരുമ്പ് പിടിച്ച പ്രതീക്ഷകളുടെ
ഫയലുകൾ മാത്രം ബാക്കി !
......................................സാൻ.....

No comments:

Post a Comment