Tuesday, July 22, 2014

കവിത : ഗസ്സ

ഭയക്കുന്നു ഞാനിന്ന് പത്ര-
ത്താളുകള്‍ മറിച്ചൊന്നു നോക്കാന്‍
കണ്ടു മടുത്തു ക്രൂരതതന്‍
നിഘണ്ടുവിലില്ലാക്കാഴ്ചകള്‍
പറക്കമുറ്റാത്ത കുഞ്ഞു-
ങ്ങളീയാംപാറ്റകളായ്
ചോരയില്‍ മുങ്ങി കുളിച്ച്.....
ചിറകറ്റുപോയ്‌ വെള്ളരിപ്രാവും
എങ്ങോ മറഞ്ഞു പോയൊലിവിലയും !


മീതെ പാറിക്കളിക്കുന്നത്
പട്ടമല്ല; ബോംബും മിസൈലും
നുകരുന്നതവര്‍ മുലപ്പാലല്ല;
അമ്മതന്‍ മാറില്‍ ചിന്തും ചോരമാത്രം
കളിക്കുന്നതവര്‍ കളിപ്പാട്ടങ്ങളല്ല;
മൃതദേഹങ്ങള്‍ക്കരികില്‍
വിട്ടേച്ചുപോയ ബോംബിന്‍ചീളും
തോക്കിന്‍ബാക്കികളും
ഉറങ്ങാറില്ലര്‍ധരാത്രിയിലും
കണ്ണുകള്‍ കൂര്‍പ്പിച്ചാകാശത്തെക്ക്
മരണകാഹളവും കാത്ത്
കഴിയുകയാണവര്‍.


മരണം മാറോടണച്ചവരേ,
നിങ്ങള്‍ ചേതനയറ്റ
വെറും മൃതദേഹങ്ങളല്ല;
പിറന്ന മണ്ണിനായ്
മെയ്മറന്നുപോരാടിയ 

ധീരരക്തസാക്ഷികളാണ് !

പ്രിയ ഗസ്സാ,
നീ ക്ഷമിക്കൂ, ക്ഷമിക്കാന്‍
പറ്റാത്തതാണെങ്കിലും
കൈകളുയര്‍ത്തുന്നു
നിനക്കായ് ലോകം


ഗസ്സാ,

കാലടിയൊച്ചകള്‍
കേള്‍ക്കുന്നു ഞാന്‍
ആ പ്രഭാതം വരിക തന്നെ ചെയ്യും
അവരാകാശമുയരത്തില്‍
പാരതന്ത്ര്യത്തിന്‍ 

ഫൈബര്‍മതില്‍ പണിതാലും

ഓ ഗസ്സ,
മരിക്കില്ല നീയൊരിക്കലും
മരണ വിളയാട്ടം നടത്തും 

നിന്‍ മണ്ണിലൊരിക്കല്‍ 
സ്വാത്രന്ത്ര്യത്തിന്‍പ്പൂപതാക 
മാനംമുട്ടെ കാറ്റില്‍പ്പാറിക്കളിക്കും
ഊതിക്കെടുത്തിയ 

പിഞ്ചുരക്തസാക്ഷികളന്നാകാശത്ത്
നക്ഷത്രകുഞ്ഞുങ്ങളായ്
പാറിപ്പറന്നുവന്നു 
നിനക്കഭിവാദ്യമര്‍പ്പിക്കും

--------------------------------------------<< സാന്‍ >>

ഈ കവിത Britishmalayali പത്രത്തിലും Marunadanmalayali പത്രത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

3 comments:

  1. പത്രം കണ്ടാല്‍ മന:സമാധാനം പോകും.

    ReplyDelete
  2. ഒന്നും നോക്കാതിരിക്കുകയാണ് അഭികാമ്യം !!.

    ReplyDelete
  3. ഞാന്‍ വാര്‍ത്ത‍ വായിക്കുന്നത് നിര്‍ത്തിയിട്ടു കാലങ്ങളായി.......

    ReplyDelete