Tuesday, May 13, 2014

വരണ്ട കാഴ്ചകള്‍



അലയുന്നീ ജനമിരു-
ളടഞ്ഞാലും തിക്കും
തിരക്കിലുമായ്

വീര്‍പ്പുമുട്ടുന്നവര്‍
സന്തോഷത്തിന്‍
ലാഞ്ചനയില്ലാതെ

വാചാലരാകുന്നവര്‍
പുഞ്ചിരിക്കാന്‍
ചുണ്ടില്ലാത്തവരായ്
ഹസ്തദാനത്തിനു
കയ്പ്പത്തിയില്ലാത്തവരായ്
തിരിഞ്ഞുനോക്കാന്‍
പിരടിയില്ലാത്തവരായ്

സ്വയം ചോദിച്ചു ഞാന്‍  
ഇവര്‍, ചിന്തിക്കും
മനുഷ്യരോ ? അതോ,
ചലിക്കും പ്രതിമകളോ?
 
താഴ്ന്നു പോകുന്നു
ഹൃദയമാംഗ്രാഫില്‍  
സമാധാനത്തിന്‍ മൂല്യമിന്ന്‍
പലായനം ചെയ്യുന്നു
പൂക്കള്‍ കൂട്ടമായ്‌  
ശവപ്പറമ്പിലേക്ക്...

***********************
പത്രത്താളുകളില്‍
ദൃഷ്ടികള്‍ പതിഞ്ഞെന്‍
കണ്ണുകള്‍ കഴച്ചുപോയ്‌!
വാര്‍ത്തകള്‍ക്കിന്നുമൊരേ
ഭാഷ – യുദ്ധം, കൊല,  
കൊള്ള, കൊള്ളിവെപ്പാത്മഹത്യ...

ഭൂമിയിന്നനേകമതിര്‍വരമ്പിനാല്‍
മുറിവേറ്റപ്പെട്ടിരിക്കുന്നു!
മരതക ഭൂമിതന്‍ ചരിത്രം
ബാക്കി വെച്ചു മരുപ്പറമ്പായ് മാറി
ഘടികാരത്തിന്‍ സൂചികളിന്നു
ധൃതിയിലോടുന്നു

കെട്ടിടങ്ങളാകാശത്തേ-
ക്കെത്തും മുമ്പേ കേള്‍ക്കാ-
ത്തമട്ടില്‍ നാശത്തിന്‍ താക്കീത്  
കേള്‍ക്കുന്നു നാം

കാലഹരണപ്പെട്ടുപോയ
സ്നേഹവും വിശ്വാസവും
തിരിച്ചെടുക്കാനാവാത്തവിധ-
ളക്കുന്നവരണ്ടുമിന്നണു-
വിന്നളവുകോലുമായ്

മലകളോരോന്നായ്
വണ്ടി കയറുന്നു
വയലുകളിലേക്കെഥേഷ്ടം
പകല്‍ വെളിച്ചത്തില്‍
പോലീസകമ്പടിയോടെ
പുഴയൂറ്റിപ്പൂഴിയിറങ്ങു-
ന്നെവിടെവേണമെങ്കിലും  

വാന്‍ഗ്മയ ചിത്രങ്ങ-
ളൊരുപാടുണ്ടിനി

ദാരിദ്ര്യത്തിന്‍ ദുരിതം പേറി
രോഗത്തിന്‍ ശാപം വഹിച്ചു
കടബാധ്യതകള്‍ മാറാപ്പുലേറ്റി
വൈകല്യത്തിന്‍ വിലാപവുമായ്
നീതിക്കായ് നീതിപീഠത്തി-
ന്നിടയില്‍ ഞെരിഞ്ഞമര്‍ന്നും
ജയിലഴികള്‍ക്കുള്ളില്‍
ദിനരാത്രങ്ങളെണ്ണിയും
അന്നത്തിനായലമുറയുമായ്‌
മുഖംമൂടികള്‍ക്കിടയില്‍
വാടിയരൂപവുമായ് ചിലര്‍......
ആരറിയുന്നിവരുടെ
തീതുപ്പും ഗദ്ഗദങ്ങള്‍
നാമിപ്പോഴുമീതിക്കിലും
തിരക്കിലുമാണല്ലോ !

  -------------------------സാന്‍

3 comments: