Tuesday, May 6, 2014

''സാന്‍ ഷൈന്റെ കവിതകള്‍ക്ക് കയ്പ് ഇത്തിരി കൂടുതലാണ്... '' എബി കുട്ടിയാനംഎബി കുട്ടിയാനം

എഴുത്ത് ഒരു വികാരമാണ്.....എഴുത്ത് പോര്‍വിളിയും ഏറ്റുമുട്ടലുമാണ്...ചിലര്‍ എഴുതാനിരിക്കുമ്പോള്‍ ദൈവം പേന പിടിക്കാന്‍ അരികിലെത്തും...പിന്നെ വിരിഞ്ഞുവരുന്ന ഓരോ വാക്കുകളും മഞ്ഞുതുള്ളിപോലെ മനോഹരവും മഴപോലെ ആകര്‍ഷണീയവുമാകും....ഗ്രീഷ്മകാല സൂര്യനെപോലെ തിളങ്ങുന്നുണ്ടാകുമത്... സാന്‍ ഷൈന്‍ എന്ന കുഞ്ഞുമോന്റെ രചനകള്‍ അങ്ങിനെ ഒരു സുഖം പകരുന്നുണ്ട്....എഴുത്തിന്റെ വഴിയില്‍ ഈ പതിനാലുകാരന്‍ അല്‍ഭുതം പകരുന്നു...പൂവിനേയും പൂമ്പാറ്റയേയും കുറിച്ച് പറയേണ്ട എഴുതേണ്ട പ്രായത്തില്‍ അവന്റെ പേനകള്‍ ഒരു പോരാളിയെപോലെ പ്രകൃതിക്കും മനുഷ്യത്വത്തിനും വേണ്ടി അലറുകയാണ്. മണലെടുത്ത് നാം പിച്ചിചീന്തുന്ന പുഴയും കത്തിവെച്ച് അറുത്തുമാറ്റുന്ന മരവുമെല്ലാമാണ് അവന്റെ വിഷയങ്ങള്‍, ഗാസയിലും അഫ്ഘാനിലും ലോക പോലീസ് ബോംബ് അപ്പം ചുട്ടുകളിക്കുമ്പോള്‍ പാവം കുഞ്ഞുങ്ങളുടെ നിലവിളികള്‍ക്കുമുന്നില്‍ വിപ്ലവകാരിയാവുന്നുണ്ട് കുഞ്ഞുമനസിലെ വലിയ കവി...ദൈന്യത എന്ന കവിതയില്‍ അവന്‍ ചോദിക്കുന്നു

മകനെ നെഞ്ചില്‍പിടിച്ചോടും
രംഗമെന്‍ ഹൃദയത്തിനുള്ളില്‍
മുട്ടിചോദിച്ചു ‘‘’നുഷ്യാ
നീ ഇത്ര ക്രൂരനോ(?) ’’
മലയും മരവുമല്ല കോണ്‍ക്രീറ്റ് സൗധങ്ങളാണ് ഇന്നിന്റെ സമ്പത്ത് എന്ന് കണക്കുകൂട്ടുന്ന വര്‍ത്തമാനകാലത്തെ മനുഷ്യനെ പരിഹസിച്ച് സാന്‍ കുറിച്ചിട്ട വരികള്‍ ഇന്നിന്റെ മനുഷ്യന്റെ നേര്‍ക്കുള്ള വലിയ ചോദ്യമാണ്...

‘‘ഞാനൊരു കടലാസില്‍ വയലും
മലയും പുഴയും കാടും വരച്ചു.
അച്ഛനതുമായ്ച്ച് ഫാക്ടറിയും
കെട്ടിടങ്ങളും വരച്ചു...

നേര് എന്ന കവിതയിലൂടെയാണ് സാന്‍ ഈ നേര് പറയുന്നത്. എഴുതി എഴുതി എഴുത്ത് അഭിനിവേശമായി മാറിയ സാന്റെ കവിത സമാഹാരവും ഈയിടെ പുറത്തിറങ്ങി. കയ്പ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ 24 കവിതകളുണ്ട്. ഇതിലെ മിക്ക കവിതകളും സ്വാര്‍ത്ഥത നിറഞ്ഞ സമൂഹത്തോടുള്ള കയ്പ് തന്നെയാണ്.

000 000 000

സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ സജീവമായ കാലത്ത് ആര്‍ക്കും ബ്ലോഗ് നിര്‍മ്മിക്കാം, ആര്‍ക്കുവേണമെങ്കിലും കവികളായി മാറാം. കുറിച്ചിടുന്നതെന്തും കവിതകളെന്ന് വിശ്വസിക്കുന്നവര്‍ക്കിടയില്‍ സാന്‍ വേറിട്ടു നില്‍ക്കും. അവന്റെ ഓരോ കവിതയിലും അതിന്റെ കാമ്പുണ്ടാകും. തന്റെ ബ്ലോഗിലൂടെ നിരന്തരം വന്നുകൊണ്ടിരിക്കുന്ന കവിതകള്‍ ഫേസ് ബുക്കിലേക്ക് ലിങ്ക് ചെയ്യപ്പെടുമ്പോള്‍ അത് വായിച്ച് പ്രതികരണം അറിയിക്കുന്നവരില്‍ അധികവും പ്രമുഖരാണ് എന്നടുത്ത് നമുക്ക് സാന്റെ കവിതകളെ വിലയിരുത്താന്‍ കഴിയും.


000 000 000

കുഞ്ഞുന്നാളിലേ എഴുതുമെങ്കിലും അഞ്ചാം ക്ലാസിലെത്തിയതോടെ അവന്‍ എഴുത്തിനെ ഗൗരവമായെടുത്തു. മഴയുള്ളൊരു ദിവസം ക്ലാസിലെ ഒരു ഇടവേളയില്‍ അവന്‍ മഴയെപറ്റി എന്തൊക്കെയോ കുറിച്ചിട്ടു. വീട്ടിലെത്തി ആ വരികള്‍ ഉമ്മ സബിതക്കും ഇത്ത ഫംസിക്കും കാണിച്ചുകൊടുത്തപ്പോള്‍ അവര്‍ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടി ഒരുപാട് പ്രോത്സാഹനം പകര്‍ന്നു. അതൊരു തുടക്കമായിരുന്നു. പിന്നെ അവന്‍ വായനയുടെ വരമ്പിലൂടെ കവിതകളുടെ കൈപിടിച്ചു നടന്നു. എഴുത്തിന്റെ അടിത്തറ വായനയാണ്, ആ നല്ല വായന തന്നെയാണ് സാനെ എഴുത്തുകാരനാക്കുന്നതും. കുഞ്ഞുപ്രായത്തില്‍ തന്നെ അവന്‍ എത്രയോ പുസ്തകങ്ങള്‍ വായിച്ചുതീര്‍ത്തു. ബഷീര്‍, എം.ടി, സക്കറിയ, ഒ.എന്‍.വി, പെരുമ്പടം തുടങ്ങിയവരുടെ കൃതികള്‍ മുതല്‍ പുതുതലമുറയിലെ മുരുകന്‍ കാട്ടാകട, അനില്‍ പനച്ചുരാന്‍, റഫീഖ് അഹമ്മദ് എന്നിവരുടെയും ഏതാണ്ടെല്ലാ പുസ്തകങ്ങളും വായിച്ച സാന്റെ ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ എം.ടി തന്നെയാണ്. എം.ടിയുടെ എഴുത്തുശൈലി വല്ലാത്ത ആകര്‍ഷണീയമാണെന്ന് അവന്‍ പറഞ്ഞു.


000 000 000

പ്രോത്സാഹനവും പിന്തുണയും എഴുത്ത് വഴിയില്‍ സാന് വല്ലാത്ത കരുത്താണ് .സാന്റെ കവിതകളിലും ബ്ലോഗിലും ഫേസ് ബുക്കിലും അപ്‌ഡേറ്റ് ചെയ്യുന്നത് ഉപ്പ മുഹമ്മദ് അസ്‌ലമാണ്. എഴുത്തില്‍ ഉപ്പ നയിക്കുമ്പോള്‍ വായനയില്‍ ഉമ്മ സബിത കൈപിടിക്കും. സാന്‍ വായിക്കുന്ന എല്ലാ പുസ്തകവും ഉമ്മയും വായിക്കും. വായന കഴിഞ്ഞാല്‍ വായന ചര്‍ച്ചയും അവിടെ അരങ്ങേറും. അതുകൊണ്ടു തന്നെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും വിരാട് കോലിക്കും ഫ്രാങ്ക് റിബറിക്കും പകരം എം.ടിയും ഒ.എന്‍.വിയും റഫീഖ് അഹമ്മദുമാണ് ഈ വീട്ടിലെ താരങ്ങള്‍. ഉമ്മയ്ക്കും ഉപ്പയ്ക്കുമൊപ്പം നല്ല പിന്തുണയുമായി മാമന്‍ ശബീബ്, കസിന്‍സ് മഷു, ഫവാസ്, സഹോദരന്‍ സബ, പിന്നെ സഹപാഠികളും അധ്യാപകരുമുണ്ട്. ആദ്യ പുസ്തകമായ കയ്പ് പുറത്തിറക്കിയത് വിദ്യാരംഗം കലാസാഹിത്യവേദിയുടെ സഹകരണത്തോടെ പി.ടി.എ കമ്മിറ്റിയാണ്. ബ്ലോഗും ഫേസ്ബുക്കും നിരവധി വായനക്കാരെയാണ് സാന് സമ്മാനിച്ചത്. കയ്പ് എന്ന കവിത വായിച്ച ശേഷം കാലടി സര്‍വ്വകലാശാലയിലെ മലയാള വിഭാഗം തലവന്‍ ഡോ.കൃഷ്ണന്‍ നമ്പൂതിരി ഇങ്ങനെ കുറിച്ചു. ‘‘കവി കണ്ണും മനസ്സും തന്നിലേക്കും ചുറ്റുപാടിലേക്കും തുറന്നിരിക്കണം. അപ്പോഴാണ് നല്ല കവിതള്‍ പിറക്കുക. സാന്‍ ഷൈന്റെ കുഞ്ഞുഭാവന, വലിയ ദര്‍ശനം, ഭൂമിയുടെ കയ്പ് എല്ലാം കവിതയായി ആവിഷ്‌കരിച്ചിരിക്കുന്നു. മോന്‍ ഇനിയും എഴുതുക, നല്ല ഭാഷയാണ്, നല്ല ഭാവനയുണ്ട്...’’ പട്‌ള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സാന്‍ ഇപ്പോള്‍.  തിന്മകള്‍ക്കെതിരെ അക്ഷരങ്ങള്‍ക്കൊണ്ട് യുദ്ധം നയിക്കണമെന്നാണ് അവന്റെ അഭിലാഷം. അതുകൊണ്ടാണ് എല്ലാവരും ഫേസ് ബുക്കില്‍ കിടിലന്‍ ഫോട്ടോസിട്ട് ലൈക്കും കമന്റും വാങ്ങാന്‍ മത്സരിക്കുമ്പോള്‍ അവന്‍ മാത്രം കവിതയിലൂടെ പുതിയ പാഠം പകരാന്‍ ശ്രമിക്കുന്നത്. ഇന്ന് സാന്റ് കവിതകള്‍ക്കുവേണ്ടി കാത്തിരിക്കുന്നവര്‍ നിരവധിയാണ്. ഒരു കവി കൂടി നമുക്കിടയില്‍ പിറവിയെടുക്കുമ്പോള്‍ കണ്ടില്ലെന്ന് നടിക്കാതെ ആയിരം ലൈക്കടിച്ച് അരികില്‍ ചേര്‍ക്കണം, കോണ്‍ക്രീറ്റ് സൗധവും ഫാക്ടറികളും നിര്‍മ്മിക്കാന്‍ വേണ്ടി മാത്രം ഓടിനടക്കുന്നവര്‍ക്കിടയില്‍ പ്രകൃതിക്കുവേണ്ടി കാവല്‍ നില്‍ക്കുന്ന പോരാളികളേയും നമുക്ക് ആവശ്യമുണ്ട്...
ഫോട്ടോ അടിക്കുറിപ്പ്:
1. സാന്റെ കയ്പ് പുസ്തകം

2.സാന്‍ ഷൈന്‍


No comments:

Post a Comment