Saturday, August 10, 2013

സീക്കെ മാടായി മാഷ്‌, നന്ദി, ഒരുപാട് നന്ദി

 എന്റെഈ ചെറിയ രചനകള്‍ വായിച്ചു കവിയും ഗാനരചയിതാവും സാംസ്കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ ബഹുമാന്യ സീക്കെ  മാടായി മാഷ്‌  മാലദ്വീപില്‍ നിന്നും എനിക്ക് അയച്ചു തന്ന അവതാരിക ഇവിടെ നന്ദി പൂര്‍വ്വം പകര്‍ത്തുന്നു.


(സാൻ ഷൈനിന്റെ രചനകൾക്കുള്ള അവതാരിക)

കുഞ്ഞു മനസ്സിലെ വലിയ കാഴ്ച്ചകൾ

കുഞ്ഞു മനസ്സിലെ ഭാവനകൾ വാതിൽ തുറന്നിട്ടിരിക്കുന്നത്‌ വലിയ ലോകക്കാഴ്ച്ചയിലേക്കാണ്. പ്രകൃതിയോടും സമൂഹത്തോടും പ്രതിബദ്ധത പുലർത്തുന്ന മികച്ച രചനകൾ കൊണ്ട് സർഗവസന്തം സൃഷ്ടിക്കുവാൻ ശ്രമിക്കുകയാണ് കൗമാരത്തിലേക്ക് കാലെടുത്തുവെയ്ക്കുന്ന സാൻഷൈൻ എന്ന കൊച്ചു മിടുക്കൻ. പ്രായത്തിൽ കവിഞ്ഞ ചിന്തകളും രചനാശൈലിയും ഭാഷയുടെ ഒതുക്കവും കൊണ്ട് വായനക്കാരിൽ അത്ഭുതം ഉളവാക്കുകയും ചിന്തയ്ക്ക് തിരികൊളുത്തുകയും ചെയ്യുന്ന ചെറു കഥകളും കവിതകളും കൊണ്ട് പ്രകൃതിയോടുള്ള അടങ്ങാത്ത സ്നേഹവും ചൂഷണങ്ങളോടുള്ള പ്രതിഷേധവും സാമൂഹ്യ തിന്മകളോടുള്ള പ്രതികരണവും തന്റെ തൂലികത്തുമ്പിൽ വിരിയിച്ചെടുക്കാൻ സാൻ ഷൈനിന് കഴിഞ്ഞിട്ടുണ്ട്.

മത്സരം നിറഞ്ഞ ആധുനിക യുഗത്തിൽ, ആംഗലേയ മാധ്യമത്തിൽ വിദ്യാഭ്യാസം നേടുന്ന ഈ കുട്ടി മലയാള സാഹിത്യത്തിൽ കാട്ടുന്ന അഭിരുചി തീർച്ചയായും അഭിനന്ദനമർഹിക്കുന്നതാണ്.

ഒരു കൊച്ചു കുട്ടിയുടെ മനസ്സിലെ നിരവധി സങ്കടങ്ങളും സ്വപ്നങ്ങളും ജീവിത യാഥാർത്ഥ്യങ്ങളിലൂടെ നടത്തുന്ന നിഷ്ക്കളങ്കമായ സങ്കൽപ്പ യാത്രകളാണ് സാൻ ഷൈനിന്റെ രചനകൾ എന്ന് എനിക്ക് അനുഭവപ്പെടുന്നു.

പുതിയ ആശയങ്ങളും ഭാവനകളും അവലംബിച്ച് സൃഷ്ടികളിൽ ഇനിയും വ്യത്യസ്തത പുലർത്താൻ കൂടുതൽ ശ്രദ്ധിക്കുക. വിനയം കൈവിടാതെ എന്നും കാത്തുസൂക്ഷിക്കുക. സർഗസപര്യയിലും ജീവിതത്തിലും വിജയത്തിലെത്താൻ സർവ്വശക്തന്റെ അനുഗ്രഹം സാൻ ഷൈനിന്റെ കൂടെ എന്നും ഉണ്ടാകട്ടെ! സാഹിത്യലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ഉയരങ്ങളിലെത്താൻ, ഭാവി വാഗ്ദാനമായ ഈ എഴുത്തുകാരന്, ഇനിവരും നാളുകളിൽ കഴിയട്ടെ !

സാൻഷൈനിന് എന്റെ എല്ലാവിധ അനുഗ്രഹാശംസകളും നേരുന്നു.

സ്നേഹപൂർവ്വം,
സീക്കേ മാടായി.

(ഇത് സാൻഷൈനിന് എന്റെ പിറന്നാൾ സമ്മാനമായ്‌ കരുതുക)
San Shain

All of you please visit San Shine's blog at www.worldofsanu.blogspot.com

1 comment: