Saturday, March 1, 2014

കവിത : ഇ-ശവക്കല്ലറ


മേഞ്ഞു നടക്കുന്നവനിന്നു
ട്വിറ്ററിലും ഫേസ്ബുക്കിലുമായ്
പരതി നടക്കുന്നു പുതു
ചങ്ങാതിക്കൂട്ടത്തെ തേടി

ലോകം തേടിയലയുമീ
യുഗത്തില്‍ സ്നേഹമവനിരു-
പത്തഞ്ചു പൈസത്തുട്ടായ്മാറി 
സൌഹൃദ സ്പര്‍ശമ-
വനന്യമായ് തീര്‍ന്നു 
പോസ്റ്റ്‌ ചെയ്ത ചിത്രത്തിലേക്ക് 
‘‘ലൈക്കു’’കളും കാത്തവന്‍
സദാനേരം കണ്ണുംനട്ടിരിക്കുകയാണ്
മാറിമാറി രാപ്പകലുകളവന്നു
മുന്നില്‍ കടന്നു പോയി
അലിഞ്ഞു തീര്‍ന്നവന്‍ 
കമ്പ്യൂട്ടറിലും പിന്നെയ-
മൂല്യമാം സമയത്തിലും. 
പൂക്കലും കായ്ക്കലുമ-
വനറിഞ്ഞതേയില്ല

ലോകം കൈവെള്ളയിലാ-
ണെങ്കിലും പ്രകൃതിനിയമ-
വനെവിടാതെ പിടികൂടു-
മെന്നറിഞ്ഞു കാണില്ല.

ആരോ പോസ്റ്റ്‌ ചെയ്ത 
അവന്റെ ചോരചിന്തിയ
ഫോട്ടോയ്ക്കിന്നായിരത്തിലധികം
ലൈക്കുകള്‍ ലഭിച്ചു !
ഒപ്പം, 
റെഡിമെയ്ഡ് സ്നേഹത്തിന്റെ, 
സഹതാപത്തിന്റെ 
കുറെ കമന്റുകളും !

ഇനിയവന്‍,
തിരിച്ചു കിട്ടാത്ത പാസ്-
വേര്‍ഡുമൊരിക്കലും തുറക്കാത്ത 
വര്‍ണ്ണപേജുകളും ബാക്കി വെച്ച് 
‘‘ഇ-പരേതരു’’ടെ ഇടുങ്ങിയ
ശവക്കല്ലറയിലേക്ക് 
വിസ്മൃതിയുടെ പുകപിടിച്ചു
മങ്ങിയ ലോകത്തേക്ക് 
പതുക്കെ വളരെ പതുക്കെ....

2 comments: