Friday, May 9, 2014

കവിത : മൃത്യു -ഡോക്ടറുടെ കയ്യൊപ്പോടെ


ചെയ്യാത്ത തെറ്റിന്‍ ഭാരവും
പേറി മരണ വിളി പടി-
വാതില്‍ക്കല്‍ നിന്നു മുട്ടുമാ-
കൂരക്കുള്ളിലന്ത്യശ്വാസം വലിക്കും
നിര്‍ധനാം വൃദ്ധനപ്പോഴും
പൊതിയുന്നു മരുന്നു ശീട്ടിനെയും
അക്കങ്ങളിട്ട കടലാസു കഷ്ണങ്ങളെ
സ്നേഹിച്ച ഡോക്ടറെയും
ശാപവാക്കുകളാല്‍. 


കണ്ടു ഞാനയാളെയാദ്യമായ്
കോരിച്ചൊരിയുമൊരു കര്‍ക്കിടക
മാസത്തില്‍ കീറക്കുടക്കുകീഴില്‍
നിന്നു വിറക്കുന്നുതും പിന്നെ
ആധിയോടെ രോഗം പറഞ്ഞതും
കിതപ്പോടെ ചുരുട്ടിയ പഴയ നോട്ടുകള്‍
തന്നു മരുന്നു കുറിപ്പുമായ്
ധൃതിയില്‍ നടന്നു നീങ്ങിയതും
ആദ്യമയാളുടെ മുഖത്ത് പ്രതീക്ഷ
വിരിഞ്ഞതും നാളുകള്‍ കഴിഞ്ഞതേ
മുഖത്തില്‍ ഞെട്ടലിന്‍ കരിമ്പടം മൂടിയതും.
(എന്നിലെ നീചനെഴുതിയ മരുന്നിന്‍
ഫലമാണയാളുടെ മുഖമാറ്റമെന്നു
വൈകിയറിയുന്നു ഞാന്‍) 


അനങ്ങാതായ് കൈകാലുകള്‍
വാടിത്തളര്‍ന്നു അയാളുടെ മുഖം
നിറഞ്ഞൊഴുകുമയാളുടെ
നയനങ്ങള്‍ക്ക് പോലുമെന്‍ക്രൂര
ഹൃദയത്തിലൂട്ടിയുറപ്പിച്ചാക്രാന്തത്തിന്‍
കരിങ്കല്ലിനെയലിയിപ്പിക്കാനായില്ല
ഇരയായിരുന്നു പലപ്പോഴും
വിധിക്കുമുന്നില്‍ വഴുതി
വീണിരുന്നു അയാള്‍


ഏതോ മരുന്ന് കമ്പനിക്ക് വേണ്ടി
എഴുതിക്കൂട്ടിയ പ്രിസ്ക്രിപ്ഷനു
മുന്നിലയാള്‍ കരയിലേക്കെടുത്തെ-
റിഞ്ഞ മത്സ്യ കുഞ്ഞു പോല്‍
മരണ വെപ്രാളത്തിന്‍ ചേഷ്ടകളോടെ
പിടഞ്ഞു വീണു മരിച്ചു.

No comments:

Post a Comment