Sunday, November 10, 2013

കവിത : കുന്നിറങ്ങുന്ന മണ്ണ്




കരിയിലകള്‍ കൂടിക്കിടക്കും
ചെമ്മണ്ണു ഞാന്‍
കാത്തിരിക്കുന്നു ഞാനി-
ന്നീ പാതവക്കില്‍
ടിപ്പര്‍ ലോറിയെ
വിഷാദം പൂണ്ട കണ്‍കളാല്‍.

കൂട്ടുകാരെല്ലാരുമങ്ങു
നഗരത്തില്‍ ടാറിട്ട
റോഡിന്നടിയിലോ
കോണ്‍ക്രീറ്റ് കെട്ടിട-
ങ്ങള്‍ക്കടിയിലോ
കിളികളുടെ കളകൂജനത്തിനു
പകരം ആര്‍ത്തിരമ്പുന്ന
വണ്ടികള്‍ ശ്രവിച്ച്
പൂക്കളുടെ സുഗന്ധം മറന്നു
പുകയില്‍ ശ്വാസംമുട്ടി
മയക്കത്തിലാണ്.

ഏകാന്തതയുടെയ-
നന്തതയിലിനി
യെന്നില്‍ മുളപൊട്ടിയ
വൃക്ഷത്തൈകള്‍
മാത്രം കൂട്ട്.

എന്നില്‍ മുളച്ച
പുല്‍നാമ്പുകകളി-
ലൂടോടി നടന്ന കുട്ടികളും
എന്നുമെന്നെ ഉഴുത്
മറിച്ചിരുന്ന കര്‍ഷകന്റെ
പരിചിതമായ
വിയര്‍പ്പുകണങ്ങളും
മരങ്ങള്‍ മുഖം
മിനുക്കിയിരുന്ന
കളകളാരവത്തോടു
കൂടിയൊഴുകിയ പുഴയും
നീലാകാശത്തോട്‌
കിന്നാരം പറഞ്ഞ
മന്ദമാരുതനും
മുത്തശ്ശി മാവിനോട-
നുവാദം ചോദിക്കാതെ
മാമ്പഴം കട്ടുതിന്ന
കുഞ്ഞണ്ണാന്‍മാരുമെല്ലാം
ഇന്നലെകളിലെ
വഴിവക്കിലിട്ടേച്ചു
പോയൊരുപിടി
ഓര്‍മ്മകള്‍ മാത്രം !

ഇനിയുമുണ്ട് പറയാനേറെ
സമയമില്ലെനിക്ക്
കേള്‍ക്കുന്നിപ്പോള്‍
ഞാനങ്ങകലെ,
അല്ല തൊട്ടടുത്ത്
ജെ.സി.ബി.യുടെ
മുക്രയിടും ശബ്ദം
യാത്ര തിരിക്കുന്നു ഞാന്‍
നഗരത്തിന്‍
ശവപ്പറമ്പിലേക്ക്....
മാലിന്യങ്ങള്‍ താണ്ഡവ
നൃത്തമാടും
നരകത്തിലേക്ക്
ഇനിയൊരു തൈമാവിനും
തളിരിടാന്‍, മാറൊരു-
ക്കാനാവാത്ത
വന്ധ്യതയുടെ
ലോകത്തേക്ക്....

ഞാനിന്നാശിക്കുന്നു
പാഴ്സ്വപ്നമെങ്കിലുമൊ-
രിക്കല്‍ കൂടി പച്ചപ്പണിയാന്‍...
വീണ്ടും,
ഒരമ്മയെന്ന വിളിപ്പേരു കേള്‍ക്കാന്‍...

2 comments:

  1. ഭൂമിയുടെ ആത്മനൊമ്പരം യഥാതഥമായ രീതിയില്‍ അവതരിപ്പിച്ചു.

    ReplyDelete
  2. നല്ല വരികള്‍ -അതിലൂടെ നല്ലൊരു ചിന്തയുള്ള മനസ്‌ കണ്ടു. നമ്മള്‍ തന്നെയാണ് ശ്രമിക്കേണ്ടത് .... ആശംസകള്‍

    ReplyDelete